ആമുഖം

“ഇടുക്ക്” എന്ന വാക്കില്‍ നിന്നാണ് “ഇടുക്കി” എന്ന പേരുണ്ടായതെന്ന് പ്രബലമായൊരു അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. മലയിടുക്കുകള്‍ നിറഞ്ഞ ഒരു ജില്ലയെന്ന നിലയില്‍ ഇടുക്കിയെ സംബന്ധിച്ചിടത്തോളം യുക്തിസഹമാണ് ഈ വാദം. ഇടുക്കി ഏറെക്കാലം കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന പദവി അലങ്കരിച്ചിരുന്നു. പത്തനംതിട്ട ജില്ലയുടെ രൂപീകരണകാലത്ത് ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിന്റെ കുറെ ഭാഗങ്ങള്‍ വിട്ടുകൊടുക്കേണ്ടിവന്നിരുന്നു. പില്‍ക്കാലത്ത് മാങ്കുളം പഞ്ചായത്ത് എറണാകുളം ജില്ലയുടെ ഭാഗമാക്കിയതോടെയാണ് ഇടുക്കി വിസ്തൃതിയില്‍ പാലക്കാട് ജില്ലയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്താകുന്നത്. 1972 ജനുവരി 26-നാണ് ഇടുക്കി ജില്ല രൂപീകൃതമായത്. വടക്കുഭാഗത്ത് തൃശ്ശൂര്‍ ജില്ല, തമിഴ്നാട് എന്നിവിടങ്ങള്‍ വരേയും, കിഴക്കുഭാഗത്ത് തമിഴ്നാട് വരേയും, തെക്കുഭാഗത്ത് പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകള്‍ വരേയും, പടിഞ്ഞാറുഭാഗത്ത് പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകള്‍ വരേയും അതിരുകള്‍ വ്യാപിച്ചുകിടക്കുന്ന ഇടുക്കി ജില്ലയ്ക്ക് 4358 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. അടിമാലി, ദേവികുളം, നെടുംകണ്ടം, ഇളംദേശം, ഇടുക്കി, കട്ടപ്പന, തൊടുപുഴ, അഴുത എന്നിങ്ങനെ 8 ബ്ളോക്കുപഞ്ചായത്തുകളാണ് ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 8 ബ്ളോക്കുകളിലായി 53 ഗ്രാമപഞ്ചായത്തുകളും 65 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. തൊടുപുഴ ആണ് ഇടുക്കി ജില്ലയിലെ ഏക മുനിസിപ്പാലിറ്റി. തൊടുപുഴ, ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് എന്നിങ്ങനെ നാലു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. ഇടുക്കി ജില്ലാപഞ്ചായത്തില്‍ ആകെ 16 ഡിവിഷനുകളുണ്ട്. ഭൂപ്രകൃതിയനുസരിച്ച് ഇടുക്കി ജില്ലയെ മലകള്‍, മലഞ്ചെരിവുകള്‍, താഴ്വരകള്‍, ചതുപ്പുനിലങ്ങള്‍, കാടുകള്‍, പുല്‍മേടുകള്‍ എന്നിങ്ങനെ ആറായി തരംതിരിക്കാം. ചരലും ഉരുളന്‍കല്ലുകളും ചേര്‍ന്ന ചുവന്ന പശിമരാശി മണ്ണ്, വനപ്രദേശങ്ങളിലുള്ള കറുത്ത ജൈവാംശം കലര്‍ന്ന വനമണ്ണ് എന്നിവയാണ് ഇവിടെ കണ്ടുവരുന്ന പ്രധാന മണ്ണിനങ്ങള്‍. മണ്ണിന്റെ പ്രത്യേകത കണക്കിലെടുത്ത് മണക്കാട് ഇനം, ചീനിക്കുഴി ഇനം, തൊമ്മന്‍കുത്ത് ഇനം, വെണ്‍മണി ഇനം, മറയൂര്‍ ഇനം, പാമ്പാടും പാറ ഇനം, ആനമുടി ഇനം എന്നിങ്ങനെയും തരം തിരിക്കാം. ഇടുക്കി ജില്ലയില്‍ 260907 ഹെക്ടര്‍ വനഭൂമിയുണ്ട്. ഭൂവിസ്തൃതി കൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലകളിലൊന്നാണെങ്കിലും ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള ജില്ല കൂടിയാണ് ഇടുക്കി. സംസ്ഥാനത്തെ ജനസംഖ്യയുടെ 3.71% മാത്രമാണ് ഇടുക്കി ജില്ലയിലുള്ളത്. കേരളത്തിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ കുമിളി ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും രണ്ടര കിലോമീറ്ററിലധികം ഉയരമുള്ളതും തെക്കെ ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയുമായ ആനമുടി സ്ഥിതി ചെയ്യുന്നതും ഇടുക്കി ജില്ലയിലാണ്.